Thursday, August 23, 2007

മാനസപ്പൂ

ശ്രീ കാര്‍ത്തികേയാ നീ കാത്തീടേണം

കാമാരിസംഭവാ കാര്‍ത്തികേയാ

കാ‍മിതദായകാ ദേവദേവാ

ദേവസേനാപതേ ശ്രീമുരുകാ

സ്ങ്കടമൊക്കെയകറ്റിടുന്ന

തിങ്കള്‍നിഭ മുഖമൊന്നുകാണാന്‍

ശങ്കരനന്ദനാ ഷ്ഷ്ടിനോറ്റ്

എത്തിയിതാ നിന്റെ മുമ്പിലിന്ന്

വേദങ്ങള്‍ വാഴ്ത്തുന്ന പുണ്യ നാമം

ശൂരാന്തകന്തന്റെ ദിവ്യ നാമം

ദേവഗണത്തിന്നഭയനാമം

പടുന്നു ഞാനിന്നു നിന്റെ നാമം

ബ്രഹ്മാദി വന്ദിതനായദേവാ

ബ്രഹ്മോപദേശം കൊടുത്ത ദേവാ

ബ്രഹ്മജ്ഞനാകുന്നോരെന്‍ കുമാരാ

ബ്രഹ്മണ്യദേവാ നമിച്ചിടുന്നേന്‍

തൃപ്പദത്താരിണത്തോണിയല്ലാ-

തില്ലോരാലംബനമില്ല പാരില്‍

പാരമതേകിയനുഗ്രഹിക്കു

പാവക സംഭവ ചാരുമൂര്‍ത്തേ

ശങ്കരതേജസ്സിലങ്കുരിച്ച

മംഗളജ്യോതി പ്രകാശമല്ലേ

എങ്കരളിങ്കലുദിച്ചുയര്‍ന്ന്

മംഗളരൂപാ വിളങ്ങിടേണം

കാരുണ്യസാഗരമായദേവാ

പാദത്തിലെന്നുടെ മാനസപ്പൂ

ചേര്‍ത്തു തൊഴുതു നമിച്ചിടുന്നേന്‍

വാര്‍തിങ്കള്‍ നേര്‍മുഖമാര്‍ന്നവനേ

മാമയിലിന്‍ മുകളേറി വന്ന്

തീര്‍ത്തിടേണം ശോക മോഹമെല്ലാം

വേദാഗമക്കാതലായ നിന്റെ

പാദത്തിലെന്നെയും ചേര്‍ത്തീടണേ

1 comment:

SHAN ALPY said...

എനിക്കിഷ്ടായീ
നിങ്ങള്‍ക്കോ?