Saturday, September 1, 2007

മാനസവാനില്‍

ശ്രീയെഴും ശ്രീ കാര്‍ത്തികേയദേവാ


ശ്രീ നാഥപൂജിതാ ശ്രീമുരുകാ


ശ്രീവള്ളിദേവിതന്‍ പ്രാണനാഥാ


ശ്രീ ബാഹുലേയാ നമിയ്ക്കുന്നു ഞാന്‍



കൈലാസ നാഥന്ന് മോദമേകും


ശൈലജയ്ക്കാനന്ദ സിന്ധുവല്ലോ


വൈരിജനത്തിന്നു ഖേദമേകും


താ‍രകാരാതിയ്ക്കു കുമ്പിടുന്നേന്‍



ജ്ഞാനപ്പഴമെന്നു കീര്‍ത്തിയേറും


ഞാനമഹാനിധേ ശ്രീ കുമാരാ


അഞാനമോഹവിനാശനാ തേ


വിഞാനമേകുവാന്‍ കുമ്പിടുന്നേന്‍


ഭേദങ്ങളില്ലാത്ത ചാരുമൂര്‍ത്തേ


കാര്‍ത്തികദേവിമാര്‍ക്കിഷ്ടമൂര്‍ത്തേ


വേദവിത്തുക്കള്‍ക്കാനന്ദ മൂര്‍ത്തേ


ചാരുകീര്‍ത്തേ നിന്നെക്കുമ്പിടുന്നേന്‍


വിഘ്നരാജന്‍ ഗണനായകന്റെ


വീരനാം സോദരാ കാര്‍ത്തികേയാ


വേലും ധരിച്ചിട്ടു ചേലിലെന്റെ


മാനസ വാനില്‍ വിളങ്ങണേ നീ



ശാശ്വതഭക്തി വളര്‍ന്നു ചിത്തേ


ശാശ്വത ശാന്തിയുണര്‍ത്തിടുന്ന


ശാശ്വത നാമജാലങ്ങള്‍ പാടാന്

‍ശക്തിനല്‍കീടണം ശംഭുസൂനോ



ശംഭുകുമാരകാ ശക്തിധാരിന്‍

ശൂരസംഹാരകാ ശ്രീവിശാഖാ


ശോകങ്ങളൊക്കെയും തീര്‍ത്തുകൊള്‍വാന്‍

ശാശ്വതമൂര്‍ത്തേ നമിച്ചിടുന്നേന്‍



സച്ചിദാനന്ദ സ്വരൂപനാകും


ഷണ്മുഖാനിന്നുടെപാദസേവ


എന്നുമേയേകിയനുഗ്രഹിയ്ക്കു


ശങ്കരനന്ദനാ തേ നമസ്തേ