Thursday, August 23, 2007

സ്കന്ദം വന്ദേ

1 ഹര ഷണ്മുഖ ശംഭു കുമാരകനേ ശരണം തരണേ കരുണാകരനേ വരമേകുക ഷഷ്ടി ജനപ്രിയനേ പരനേ പരമേശ്വര വന്ദിതനേ
2 വിധി വന്ദിതവേദ സുധാജലധേ വരശീല ഗുണാര്‍ണ്ണവ ശ്രീ ഗുഹനേ ശരണാഗതവത്സല കാമദനേ ശര കാനന സംഭവ സുന്ദരനേ
3 പാര്‍വതി ലാളിതരമ്യ തനോ പതിതാവന പാവക നന്ദനനേ പാവനമാം തവ പദയുഗളം മമ മനതളിരില്‍ കളിയാടണമേ
4 ദേവഗണത്തിനുരക്ഷകനേ നിജ ശത്രു ഗണത്തിനുശിക്ഷകനേ അസുരകുലാന്തകഷണ്മുഖ ഭോ പരിപാലയ ശങ്കരനന്ദനനേ
5 നത ജനപാലകവരദവിഭോ കലി കന്മഷദോഷഭയാപഹനേ നിത്യ നിരഞന നിഷ്കളനേ കഴലേകിയനുഗ്രഹമേകണമെ
6 ക്രൌഞ്ച മദാന്തകശക്തികര പ്രവരാസുരഭഞ്ജകപുണ്യതനോ ഗിരിജാമുഖപങ്കജഭാസ്കരനാം തവപാദമതേകമതേശരണം
7 കാമ്യവരപ്രദനാം മുരുകാ- മമ സഞ്ചിത പാപമകറ്റണമേ മാമയിലിന്‍ മുകളേറിമമാന്ധത മാറ്റിടുവാന്‍ ഹൃദിവന്നിടണേ
8 ദുഃഖ വിനാശന ദുര്‍മ്മദമോചന ദ്വാദശലോചന ശൊഭിതനേ ദുരിതവിമോചനശംഭു കുമാരക നിന്‍ പദമേകം ശരണം മേ

മാനസപ്പൂ

ശ്രീ കാര്‍ത്തികേയാ നീ കാത്തീടേണം

കാമാരിസംഭവാ കാര്‍ത്തികേയാ

കാ‍മിതദായകാ ദേവദേവാ

ദേവസേനാപതേ ശ്രീമുരുകാ

സ്ങ്കടമൊക്കെയകറ്റിടുന്ന

തിങ്കള്‍നിഭ മുഖമൊന്നുകാണാന്‍

ശങ്കരനന്ദനാ ഷ്ഷ്ടിനോറ്റ്

എത്തിയിതാ നിന്റെ മുമ്പിലിന്ന്

വേദങ്ങള്‍ വാഴ്ത്തുന്ന പുണ്യ നാമം

ശൂരാന്തകന്തന്റെ ദിവ്യ നാമം

ദേവഗണത്തിന്നഭയനാമം

പടുന്നു ഞാനിന്നു നിന്റെ നാമം

ബ്രഹ്മാദി വന്ദിതനായദേവാ

ബ്രഹ്മോപദേശം കൊടുത്ത ദേവാ

ബ്രഹ്മജ്ഞനാകുന്നോരെന്‍ കുമാരാ

ബ്രഹ്മണ്യദേവാ നമിച്ചിടുന്നേന്‍

തൃപ്പദത്താരിണത്തോണിയല്ലാ-

തില്ലോരാലംബനമില്ല പാരില്‍

പാരമതേകിയനുഗ്രഹിക്കു

പാവക സംഭവ ചാരുമൂര്‍ത്തേ

ശങ്കരതേജസ്സിലങ്കുരിച്ച

മംഗളജ്യോതി പ്രകാശമല്ലേ

എങ്കരളിങ്കലുദിച്ചുയര്‍ന്ന്

മംഗളരൂപാ വിളങ്ങിടേണം

കാരുണ്യസാഗരമായദേവാ

പാദത്തിലെന്നുടെ മാനസപ്പൂ

ചേര്‍ത്തു തൊഴുതു നമിച്ചിടുന്നേന്‍

വാര്‍തിങ്കള്‍ നേര്‍മുഖമാര്‍ന്നവനേ

മാമയിലിന്‍ മുകളേറി വന്ന്

തീര്‍ത്തിടേണം ശോക മോഹമെല്ലാം

വേദാഗമക്കാതലായ നിന്റെ

പാദത്തിലെന്നെയും ചേര്‍ത്തീടണേ